നീപെഡോ: മ്യാന്‍മറിനെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ മരണസംഖ്യ ആയിരം കടന്നു.
ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,376 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഭൂകമ്പത്തില്‍ വിറങ്ങലിച്ച മ്യാന്‍മറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. മ്യാന്‍മറിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചു. മ്യാന്‍മറിനെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ചൈനയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ മ്യാന്‍മറിനൊപ്പം നില്‍ക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി.