വാഷിംങ്ടണ്‍: പലസ്തീനികളെ പിന്തുണച്ചതിന്റെ പേരില്‍ യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ടഫ്‌സ് സര്‍വകലാശാലയിലെ തുര്‍ക്കിയില്‍നിന്നുള്ള ഡോക്ടറല്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തുന്നത് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞു. ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഓസ്തുര്‍ക്കിനെ നാടുകടത്താന്‍ പാടില്ല എന്നാണ് കോടതിയുടെ നിര്‍ദേശം.

യുഎസ് ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മസാച്യുസെറ്റ്സിലെ വീടിനടുത്തുനിന്ന് മുഖംമൂടി ധരിച്ച ഫെഡറല്‍ ഏജന്റുമാര്‍ മുപ്പതുകാരിയായ റുമൈസ ഓസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അവരുടെ വീസ റദ്ദാക്കി. ഫലസ്തീനെ പിന്തുണക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.
ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഓസ്തുര്‍ക്ക് ടഫ്‌സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.
അതേസമയം, പലസ്തീനെ പിന്തുണച്ച വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. പലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നൂറിലധികം വീസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.