എഡ്മിന്റൻ : ലാൻഡ്‌ഫില്ലുകളിലെ മാലിന്യം കുറയ്ക്കുക, പുനരുപയോഗ പരിപാടികൾ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള പുതിയ എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി (ഇപിആർ) പ്രോഗ്രാമുകൾ കാര്യക്ഷമമാക്കാനൊരുങ്ങി ആൽബർട്ട. 2022 മുതൽ പ്രവർത്തനത്തിലുള്ള സംരംഭം, കാൽഗറി, റെഡ് ഡീർ, ലെത്ത്ബ്രിഡ്ജ് തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെയുള്ള ആൽബർട്ട ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരെയും ഉൾക്കൊള്ളും.
പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള സാമ്പത്തിക ഭാരം മുനിസിപ്പാലിറ്റികളിൽ നിന്നും താമസക്കാരിൽ നിന്നും മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പകരം ഇതിന്റെ ചിലവ്, ആ പാക്കേജുകളും ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കമ്പനികൾക്കുമേൽ തന്നെ ചുമത്തും. ഇത് കമ്പനികളെ കൂടുതൽ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാൻ നിർബന്ധിതരാക്കുമെന്നും ഇതിലൂടെ മാലിന്യം കുറയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവിശ്യാ സർക്കാർ കരുതുന്നു.

പ്രവിശ്യാ സർക്കാർ, ഇപിആർ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, വ്യവസായ പങ്കാളികൾ, മുനിസിപ്പാലിറ്റികൾ, പ്രവിശ്യാ പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും ഈ സംരംഭം ആൽബർട്ടയിലെ ജനജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടില്ലെന്നും പരിസ്ഥിതി മന്ത്രി റെബേക്ക ഷുൾസ് പറയുന്നു.