എഡ്മിന്‍റൻ : എഡ്മിന്‍റനിൽ പുതിയ ഫോട്ടോ റഡാര്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രവിശ്യയിലെ സ്പീഡ്-ഓണ്‍-ഗ്രീന്‍ ഇന്റര്‍സെക്ഷന്‍ ക്യാമറകള്‍ പ്രവർത്തനരഹിതമാക്കിയതിന് പിന്നാലെയാണ് നീക്കം. നഗരത്തിലെ പൊലീസിന്റെയും സിറ്റി കൗണ്‍സിലര്‍മാരുടെയും സുരക്ഷാമുന്നറിയിപ്പുകൾ അവഗണിച്ചായിരുന്നു ക്യാമറകൾ ഓഫാക്കിയിരിക്കുന്നത്.എല്ലാ വർഷവും മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകള്‍ സ്പീഡ് ക്യാമറകള്‍ വഴി സിറ്റി ട്രാഫിക് ലംഘനങ്ങൾക്ക് നൽകിയിട്ടുണ്ട്.

പുതിയ ഫോട്ടോ റഡാര്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആൽബർട്ട ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷന്‍ പ്രഖ്യാപിച്ചിരുന്നു. പ്രവിശ്യയിലുടനീളമുള്ള 1500 ഫോട്ടോ റഡാര്‍ സൈറ്റുകള്‍ നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ റോഡുകളുടെ സുരക്ഷയ്ക്ക് ഫോട്ടോ റഡാര്‍ സൈറ്റുകളുടെ ആവശ്യം അനിവാര്യമാണെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ മുനിസിപ്പാലിറ്റികള്‍ക്ക് അധിക എന്‍ഫോഴ്‌സ്‌മെന്റ് ലൊക്കേഷനുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം പുതിയ ഫോട്ടോ റഡാര്‍ നിയമത്തിനെതിരെ എഡ്മിന്‍റനിൽ വിവാദങ്ങള്‍ തുടരുകയാണ്.