ജറുസലേം : ഗാസയിൽ കരയാക്രമണം വ്യാപിപ്പിച്ചും വ്യോമാക്രമണം ശക്തമാക്കിയും ഇസ്രയേൽ. ഗാസയിൽ പുതിയ സുരക്ഷാ ഇടനാഴി സ്ഥാപിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ‘തകർത്ത് ശുദ്ധീകരിക്കുക’ എന്ന ആത്യന്തിക ലക്ഷ്യത്തോടെ മുനമ്പിലെ സൈനിക നടപടികൾ വിപുലീകരീകരിച്ചതായി ഇസ്രയേലി പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. ഇസ്രയേലി സുരക്ഷാ മേഖലയിലേക്ക്’ കൂട്ടിച്ചേർക്കുന്നതിനായി വിശാലമായ പ്രദേശം പിടിച്ചെടുക്കുമെന്നും ഭീഷണിമുഴക്കി. ഹമാസിനെ പുറത്താക്കുകയും എല്ലാ ബന്ദികളെയും തിരികെ നൽകുകയുമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗമെന്നാണ് കാറ്റ്സിന്റെ നിലപാട്.

തെക്കൻ ഗാസയിലെ ആക്രമണം വിപുലീകരിക്കുന്നതിന് അധിക യൂണിറ്റിനെ ഇസ്രയേലി സൈന്യം വിന്യസിച്ചതായി വാർത്താഏജൻസികൾ റിപ്പോർട്ട്‌ചെയ്‌തു. തെക്കൻ നഗരമായ റഫയിലെയും സമീപ പട്ടണങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേലി സൈന്യം ആവശ്യപ്പെട്ടിരുന്നു. റഫയിൽ ഹമാസിനെതിരെ ഇസ്രയേൽ കരസേന ആരംഭിച്ച നീക്കം അയൽപട്ടണങ്ങിലേക്കും വ്യാപിപ്പിച്ചു.
ഗാസയിലെ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് നിലവിലുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹംഗറി സന്ദർശിക്കുകയാണ്. ഹംഗറി അംഗമായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് നടപ്പാക്കില്ലെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ വ്യക്തമാക്കി.