വാഷിങ്ടൻ: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അമിതമായി തീരുവ ഈടാക്കുന്ന 60 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏപ്രില്‍ രണ്ട് ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. ലോകത്തിലെ തന്നെ സുപ്രധാന വിപണികളില്‍ ഒന്നായ ചൈനയ്ക്ക് 34 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ചൈനയില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതുതായി 34 ശതമാനം തീരുവ കൂടി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ എത്തിക്കുന്നതിന് 54 ശതമാനം ഇറക്കുമതി തീരുവ നല്‍കണമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ഇന്ത്യക്ക് 26 ശതമാനം, യൂറോപ്യന്‍ യൂണിയന് 20 ശതമാനം, വിയറ്റ്‌നാമിന് 46 ശതമാനം, ജപ്പാന് 24 ശതമാനം, തായ്‌വാന് 32 ശതമാനം, ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനം, തായ്‌ലന്റിന് 36 ശതമാനവുമാണ് യു.എസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന പകരച്ചുങ്കങ്ങള്‍.

അമേരിക്കയില്‍ എത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന ഇറക്കുമതി തീരുവയും അവരുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്താന്‍ ഉദേശിക്കുന്ന നികുതിയും ഉള്‍പ്പെടെയുള്ള ചാര്‍ട്ട് ഉയര്‍ത്തി കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.