ഓട്ടവ : അമേരിക്കയുടെ ആഗോള താരിഫ് പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ യുണൈറ്റഡ് കിങ്ഡം പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. യുഎസിന്റെ നീതീകരിക്കാനാകാത്ത വ്യാപാര നടപടികളെക്കുറിച്ചും കാനഡയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും സംസാരിച്ചതായി കാർണിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ ‘പരസ്പര തീരുവ’ ചുമത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കൂടിക്കാഴ്ച. ഓഹരി വിപണികളെയും ആഗോള സാമ്പത്തിക മാന്ദ്യം സാരമായി ബാധിച്ചിട്ടുണ്ട്.

ദീർഘകാലമായി നിലനിൽക്കുന്നതും വിശ്വസനീയവുമായ സഖ്യകക്ഷികളുമായുള്ള പങ്കാളിത്തം എക്കാലത്തേക്കാളും ഇപ്പോൾ പ്രധാനമാണെന്ന് മാർക്ക് കാർണി സമൂഹ മാധ്യമത്തിൽ കുറിച്ചു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌നിന് രാജ്യങ്ങൾ നൽകുന്ന പരസ്പര പിന്തുണയെക്കുറിച്ച് കാർണിയും സ്റ്റാർമറും ചർച്ച ചെയ്തതായും ഇരു നേതാക്കളും ബന്ധം തുടരാൻ സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.