ഫിലഡെൽഫിയ: വംശനാശ ഭീഷണി നേരിടുന്ന ഗാലപ്പഗോസ് ആമകൾക്ക് കുഞ്ഞുങ്ങൾ പിറന്നു. നൂറാം വയസിലാണ് ആദ്യമായി അമേരിക്കയിലെ പെൻസിൽവേനിയയിലെ ഫിലഡെൽഫിയയിലെ മൃഗശാലയിൽ ഗാലപ്പഗോസ് ആമകൾക്ക് കുഞ്ഞുങ്ങളുണ്ടായത്.
ആബ്രാസോ എന്ന പേരുള്ള ആൺ ഗാലപ്പഗോസ് ആമയ്ക്കും പേരിടാത്ത പെൺ ഗാലപ്പഗോസ് ആമയ്ക്കുമാണ് നാല് കുഞ്ഞുങ്ങളാണ് ഉണ്ടായിട്ടുള്ളത്. 150 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മൃഗശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് മൃഗശാലയിലെ ഏറ്റവും സീനിയർ അംഗങ്ങളായ ഗാലപ്പഗോസ് ആമയ്ക്ക് കുഞ്ഞുണ്ടാവുന്നതെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.

1932ലാണ് നിലവിൽ മുട്ടകളിട്ട പെൺ ഗാലപ്പഗോസ് ആമ മൃഗശാലയിലെത്തിയത്. മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയിരിക്കുന്നതായും ഓരോന്നും 70 മുതൽ 80 വരെ ഗ്രാം ഭാരമുണ്ടെന്നും മൃഗശാല അധികൃതർ വിശദമാക്കി.