വാഷിങ്ടൺ: യുഎസിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രസിഡന്റ് ട്രംപിനെതിരെയും ഇലോൺ മസ്കിനെതിരെയും യുഎസിന്റെ 50 സ്റ്റേറ്റുകളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നു.ട്രംപ് അധികാരമേറ്റശേഷമുള്ള പ്രതിപക്ഷത്തിന്റെ ആദ്യ ദേശീയ സമരമാണിത്.
അമേരിക്കൻ അവകാശങ്ങൾക്ക് നേരെയും സ്വാതന്ത്ര്യത്തിന് നേരെയും ട്രംപും മസ്കും ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് വൻ റാലികൾ നടന്നത്. യുഎസിൽ മാത്രം 1200ഓളം സ്ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറി.

ഏകദേശം ആറ് ലക്ഷം പേർ പ്രതിഷേധങ്ങളുടെ ഭാഗമായെന്നാണ് റിപ്പോർട്ട്. യുഎസിന് പുറമേ ലോകത്തിലെ മറ്റ് പ്രധാന നഗരങ്ങളായ ലണ്ടൻ, പാരീസ് എന്നിവടങ്ങളിൽ പ്രതിഷേധം അരങ്ങേറി. റാലികളിൽ തൊഴിലാളിസംഘടനകളും പരിസ്ഥിതി, എൽജിബിടിക്യു, പലസ്തീൻ അനുകൂല സംഘടനകളും അണിചേർന്നു. വാഷിങ്ടണിലെ റാലിയിൽ 20,000 പങ്കെടുത്തെന്നു സംഘാടകർ അവകാശപ്പെട്ടു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളും ട്രംപ് വിരുദ്ധ പ്രകടനങ്ങൾ നടന്നു.