മൺട്രിയോൾ : കെബെക്കിൽ എൻഡിപിയ്ക്ക് വേരോട്ടമുണ്ടാക്കിയ റൂത്ത് എല്ലെൻ ബ്രോസോ രാഷ്ട്രീയ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഓറഞ്ച് വേവിന്റെ മുഖമായി മാറിയ അവർ 14 വർഷങ്ങൾക്ക് ശേഷമാണ് രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നത്. മൺട്രിയോളിലെ ബെർത്തിയർ-മാസ്കിനോങ്ങെ റൈഡിങ്ങിൽ ബ്രോസോ മത്സരത്തിനിറങ്ങുമെന്ന് എൻഡിപി നേതാവ് ജഗ്മീത് സിങ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
റൈഡിങ്ങിനെക്കുറിച്ചോ അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചോ അറിവില്ലാത്ത ഒരു “പേപ്പർ സ്ഥാനാർത്ഥി” ആയാണ് അവർ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും വിജയിച്ചു. അവരുടെ അപ്രതീക്ഷിത വിജയം ആ വർഷം കെബെക്കിൽ എൻഡിപിയുടെ നേട്ടങ്ങളുടെ ഭാഗമായിരുന്നു. 2011 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലാസ് വെഗാസിലേക്കുള്ള യാത്രയിലൂടെ ബ്രോസോ ദേശീയ ശ്രദ്ധ നേടി. ഇതോടെ അവർക്ക് ‘വേഗാസ് ഗേൾ’ എന്ന വിളിപ്പേര് ലഭിച്ചു. പിന്നീട് അവർ പാർട്ടിയുടെ കാർഷിക നിരൂപകയായി മാറുകയും 2015 ൽ വീണ്ടും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാൽ, 2019-ലും 2021-ലും ബ്ലോക്ക് കെബെക്കോയിസിലെ യെവ്സ് പെറോണിനോട് ബ്രോസോ തോറ്റു.

ബ്രോസോയുടെ മുൻകാല അനുഭവങ്ങളും നയങ്ങളും, കൃഷിയ്ക്കും പ്രാദേശിക ബിസിനസുകൾക്കും നൽകിയ പിന്തുണയും അടക്കമുള്ള കാര്യങ്ങൾ, തിരിച്ചുവരവിന് അവരെ സഹായിച്ചേക്കാം. എന്നാൽ, ലിബറലുകൾക്കുള്ള വർധിച്ചു വരുന്ന പിന്തുണയും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും പരമാധികാരത്തെയും കുറിച്ചുള്ള ആശങ്കകളും കാരണം എൻഡിപി നിലവിൽ വെല്ലുവിളികൾ നേരിടുകയാണ്.