വാഷിംങ്ടൻ: യുഎസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗത്ത് ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും. ശക്തമായ മഴയെത്തുടർന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങളിലെ നദികൾ ഇനിയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

കൊടുങ്കാറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ടെന്നസിയിൽ മാത്രം 10 പേർ മരിച്ചു. കെന്റക്കിയിൽ വെള്ളക്കെട്ടിൽ രണ്ടുപേരും അതേദിവസം തന്നെ സ്കൂളിലേക്കുള്ള യാത്രാമധ്യേ 9 വയസ്സുള്ള ആൺകുട്ടി ഒഴുക്കിൽപ്പെട്ടും മരിച്ചു. ശനിയാഴ്ച നെൽസൺ കൗണ്ടിയിൽ പൂർണമായും വെള്ളത്തിൽ മുങ്ങിയ വാഹനത്തിനുള്ളിൽനിന്ന് 74 വയസ്സുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും അർക്കാൻസാസിൽ 5 വയസ്സുള്ള കുട്ടി മരിച്ചതായും അധികൃതർ അറിയിച്ചു.