വാഷിങ്ടണ്‍: അമേരിക്ക പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒത്തുതീര്‍പ്പിലെത്താന്‍ ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണെന്നാണ് ട്രംപിന്റെ പരിഹാസം. യുഎസുമായി കരാറിലെത്താന്‍, പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ കമ്മിറ്റിയില്‍ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളുമായി കരാറിലെത്താന്‍ അമേരിക്കയുടെ പ്രതിനിധിസഭയായ കോണ്‍ഗസിനെ അനുവദിക്കണമെന്നാണ് ചില ‘വിമത’ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പറയുന്നതെന്നും, എന്നാല്‍ കോണ്‍ഗ്രസിനെക്കാള്‍ മികച്ച ഇടനിലക്കാരന്‍ താനാണെന്നും ട്രംപ് അവകാശപ്പെട്ടു. കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ ചൈനയെ അതീവസന്തുഷ്ടരാക്കുമെന്നും ട്രംപ് പരിഹസിച്ചു.