അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ഇന്ത്യയുടെ മത്സ്യമേഖലയെ പിടിച്ചുലയ്ക്കുമെന്ന് ആശങ്ക. ഇതേത്തുടർന്ന് ഉഭയകക്ഷി ചർച്ചയ്ക്കായുള്ള സമ്മർദം വർധിച്ചു വരികയാണ്. ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിനായി സമുദ്രോത്പന്ന കയറ്റുമതിക്കാർ ഡൽഹിയിൽ ചർച്ച തുടങ്ങി. രാജ്യത്തിനു പ്രതിവർഷം 60,000 കോടിയോളംരൂപ നേടിത്തരുന്ന മത്സ്യോത്പന്ന കയറ്റുമതി തകർന്നാലുള്ള ഗുരുതര സാഹചര്യമാണ് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നത്.

34.26 ശതമാനം തീരുവയാണ് ഇന്ത്യയിൽനിന്നുള്ള മത്സ്യോത്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അവിടെ വില കൂടും. ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ കിലോയ്ക്ക് 6-7 ഡോളറിനാണ് ഇപ്പോൾ അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോൾ അത് 8-9 ഡോളർ കടക്കും. ആളുകൾ ഉപഭോഗം കുറയ്ക്കുകയോ മറ്റു മീനുകളിലേക്കു മാറുകയോ ചെയ്യാം.