എഡ്മിന്റൻ : പ്രവിശ്യയിൽ സ്വതന്ത്ര പൊലീസ് സേന രൂപീകരിക്കാനുള്ള സർക്കാർ പദ്ധതിയിൽ പ്രതിഷേധമറിയിച്ച് ആൽബർട്ട ഷെരീഫുകൾ. തിങ്കളാഴ്ച സർക്കാർ അവതരിപ്പിച്ച ബിൽ 49 പ്രകാരം, പുതിയ പൊലീസ് സേന രൂപീകരിക്കാനുള്ള നിർദ്ദേശത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് ആൽബർട്ട ഷെരീഫ്സ് ബ്രാഞ്ച് ഓഫീസേഴ്‌സ് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
പൊലീസ് ഓഫീസർമാരായി പരിശീലനം ലഭിച്ച ഏകദേശം 600 ആൽബർട്ട ഷെരീഫുകൾ ഉൾപ്പെടുന്ന സ്വതന്ത്ര സേനയെ പ്രവർത്തിപ്പിക്കുന്നത്തിന് ക്രൗൺ കോർപ്പറേഷൻ രൂപീകരിക്കുന്നതും ബിൽ 49-ൽ ഉൾപ്പെടുന്നു. ഇത് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അസോസിയേഷൻ പറയുന്നു.

അതേസമയം, പുതിയ സേന രൂപീകരിക്കുന്നതോടെ നിയമ നിർവ്വഹണ ശേഷി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടിയന്തര സേവന മന്ത്രി മൈക്ക് എല്ലിസ് വ്യക്തമാക്കി. ആർസിഎംപിയുടെ ചിലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നതും അടിയന്തിര സേവന നമ്പറിൽ വിളിച്ചതിന് ശേഷം ആൽബർട്ട നിവാസികൾ സഹായത്തിനായി വളരെ നേരം കാത്തിരിക്കേണ്ടി വരുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറയുന്നു.

ആൽബർട്ടക്കാർക്ക് ഒരു പ്രവിശ്യാ പൊലീസ് സേന വേണ്ടെന്നാണ് അഭിപ്രായമെന്നും നിലവിലുള്ള ഷെരീഫുകൾ പ്രവിശ്യാ പൊലീസ് സേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ആൽബർട്ട പബ്ലിക് സേഫ്റ്റി ഷാഡോ മന്ത്രി ഡേവിഡ് ഷെപ്പേർഡ് പറഞ്ഞു.