വാഷിങ്ടൺ : രാജ്യത്ത് തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയതിൽ വൻ അഴിമതി നടന്നുവെന്ന് കണ്ടെത്തിയതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) സിഇഒ ഇലോൺ മസ്ക്. ഇതുവരെ ജനിക്കാത്തവരും അഞ്ചു വയസ്സിൽ താഴെയുള്ളവരും കൈപ്പറ്റിയത് ദശലക്ഷക്കണക്കിന് ഡോളറാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ അമേരിക്കക്കാരുടെ നികുതിപ്പണമാണ് വ്യാജന്മാർ അപഹരിച്ചതെന്നും അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും മസ്ക് പറയുന്നു.

2020 മുതലുള്ള തൊഴിലില്ലായ്മ ഇൻഷുറൻസ് ക്ലെയിമുകളുടെ പ്രാരംഭ സർവേ ബുധനാഴ്ച അവലോകനം ചെയ്തതപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ജനന തീയതി രേഖപ്പെടുത്താത്ത 9,700 പേർ, 15 വർഷത്തേക്ക് 6.9 കോടി ഡോളർ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തി. 115 വയസ്സിനു മുകളിലുള്ള കുറഞ്ഞത് 24,500 പേർ 5.9 കോടി ഡോളർ ആനുകൂല്യങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, 2154-ൽ ജന്മദിനം രേഖപ്പെടുത്തിയ ഒരാൾക്ക് 41,000 ഡോളർ വിതരണം ചെയ്തതായും വകുപ്പ് എക്‌സിൽ പറഞ്ഞു.