ഓട്ടവ : ഒൻ്റാരിയോ ഇംഗർസോളിലുള്ള ജനറൽ മോട്ടോഴ്സ് CAMI അസംബ്ലി പ്ലാൻ്റ് അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്. നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായും തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യുണിഫോർ ലോക്കൽ 88 അറിയിച്ചു. അതേസമയം ഉൽപ്പാദനം നിർത്താനുള്ള തീരുമാനം യുഎസ് താരിഫുകളുമായി ബന്ധപ്പെട്ടതല്ലെന്നും ബ്രൈറ്റ് ഡ്രോപ്പ് വാഹനത്തിൻ്റെ വിപണിയിലെ ഡിമാൻഡിലെ ഇടിവും ഉയർന്ന ഇൻവെൻ്ററിയും കാരണമാണെന്നും ജനറൽ മോട്ടോഴ്സ് പറയുന്നു.

ഏപ്രിൽ 14 മുതൽ പിരിച്ചുവിടൽ ആരംഭിക്കുമെന്ന് യൂണിഫോർ അറിയിച്ചു. അതിനുശേഷം, ഒക്ടോബർ വരെ ഉൽപാദനം താൽക്കാലികമായി നിർത്തും. പ്രവർത്തനരഹിതമായ സമയത്ത്, വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ 2026 മോഡൽ ഉൽപ്പാദനത്തിനുള്ള സൗകര്യം ഒരുക്കുന്നതിനായി റീടൂളിങ് ജോലികൾ പൂർത്തിയാക്കാൻ GM പദ്ധതിയിടുന്നതായി യൂണിയൻ പറയുന്നു. കൂടാതെ ക്ടോബറിൽ ഉൽപ്പാദനം പുനരാരംഭിക്കുമ്പോൾ, പ്ലാൻ്റ് ഒറ്റ ഷിഫ്റ്റിൽ ആയിരിക്കും പ്രവർത്തിക്കുക എന്ന് യൂണിയൻ പറയുന്നു. ഇത് ഏകദേശം 500 തൊഴിലാളികളുടെ അനിശ്ചിതകാല പിരിച്ചുവിടലിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. പിരിച്ചുവിടലും പ്ലാൻ്റ് അടച്ചുപൂട്ടലും ഇംഗർസോളിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് ഇത് കനത്ത പ്രഹരമാണെന്ന്, യൂണിഫോർ നാഷണൽ പ്രസിഡൻ്റ് ലാന പെയ്ൻ പറഞ്ഞു.