ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലിബറൽ പാർട്ടി മുൻതൂക്കം നിലനിർത്തുന്നതായി പുതിയ സർവേ റിപ്പോർട്ട്. എന്നാൽ കൺസർവേറ്റീവ് പാർട്ടി ശക്തമായ മുന്നേറ്റം നടത്തുന്നതായി പുതിയ ഇപ്‌സോസ് പോൾ സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത കാനഡക്കാരിൽ 42 ശതമാനം പേരും ലിബറലുകൾക്ക് വോട്ട് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച നടന്ന സർവേയേക്കാൾ നാല് പോയിന്റ് കുറവാണിത്. കൺസർവേറ്റീവ് പാർട്ടിക്കുള്ള ജനപിന്തുണ രണ്ട് പോയിന്റ് ഉയർന്ന് 36 ശതമാനമായതായും സർവേ കണ്ടെത്തി.
ലിബറൽ പാർട്ടിക്കുണ്ടായിരുന്ന വിജയശതമാനം കുറഞ്ഞതായി ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സിന്റെ സിഇഒ ഡാരെൽ ബ്രിക്കർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 11 ശതമാനം വോട്ടർമാർ ന്യൂ ഡെമോക്രാറ്റിക്ക് പാർട്ടിയെ പിന്തുണയ്ക്കുന്നു. എന്നാൽ ഇത് കഴിഞ്ഞ ആഴ്ചയേക്കാൾ ഒരു പോയിന്റ് കുറവ് ലീഡാണ്. ഗ്രീൻ പാർട്ടിയുടെ സാധ്യത ഒരു പോയിന്റ് കുറഞ്ഞ് രണ്ട് ശതമാനമായി, അതേസമയം ബ്ലോക്ക് കെബോക്കോയിസ് ആറ് ശതമാനം പിന്തുണ ഉറപ്പാക്കി.

മൺട്രിയോളിൽ ഈ ആഴ്ച നടക്കുന്ന നേതാക്കളുടെ സംവാദങ്ങൾക്ക് മുന്നോടിയായി നടന്ന സർവേയിൽ ഇംഗ്ലീഷ് ഭാഷാ സംവാദത്തിൽ ലിബറൽ നേതാവ് മാർക്ക് കാർണി വിജയിക്കുമെന്ന് 41 ശതമാനം പേരും കൺസർവേറ്റീവ് നേതാവ് ഫ്രഞ്ച് ഭാഷാ സംവാദത്തിൽ വിജയിക്കുമെന്ന് 34 ശതമാനം പേരും വോട്ടുചെയ്തു.