നയ്പിതാവ്: മധ്യ മ്യാൻമറിലെ മെയ്ക്റ്റിലയ്ക്ക് സമീപം ഞായറാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മാർച്ച് 28 ന് നടന്ന ഭൂകമ്പത്തെത്തുടർന്ന് മ്യാൻമർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയുണ്ടായ ഏറ്റവും വലിയ തുടർചലനങ്ങളിൽ ഒന്നാണിത്.
കഴിഞ്ഞ മാസത്തെ ഭൂചലത്തിൽ വൻ നാശനഷ്ടമുണ്ടായ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്കും തലസ്ഥാനമായ നയ്പിതാവിനും ഇടയിലാണ് പുതിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാൽ, സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം, ഭൂചലനത്തെത്തുടർന്ന് ചില വീടുകളുടെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. മണ്ടാലെയിൽ നിന്ന് 97 കിലോമീറ്റർ തെക്കായി വുണ്ട്‌വിൻ ടൗൺഷിപ്പ് പ്രദേശത്ത് 20 കിലോമീറ്റർ ആഴത്തിലാണ് ഞായറാഴ്ച ഭൂചലനം ഉണ്ടായതെന്ന് മ്യാൻമർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.