വാഷിങ്ടൻ: രാജ്യങ്ങളിൽനിന്ന് പകരച്ചുങ്കം ഈടാക്കുന്നത് മരവിപ്പിച്ച 90 ദിവസത്തിനുള്ളിൽ 90 വ്യാപാരക്കരാറുകളാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യങ്ങളുമായുള്ള വ്യാപാരക്കരാർ ചർച്ചകളിൽ ട്രംപായിരിക്കും ‘പ്രധാന ചർച്ചക്കാരനെ’ന്ന് നവാരോ പറഞ്ഞു.

അതേസമയം, യൂറോപ്യൻ യൂണിയന്റെ വ്യാപാരവകുപ്പ് തലവൻ മാരോസ് സെഫ്‌കോവിച്ച് തിങ്കളാഴ്ച വാഷിങ്ടനിലെത്തും. തീരുവയിൽ ഇളവുതേടിയുള്ള വ്യാപാരചർച്ചയ്ക്കാണ് മാരോസ് വാഷിങ്ടനിലെത്തുന്നത്. ഏപ്രിൽ രണ്ടിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചശേഷം അടിയന്തര വ്യാപാരക്കരാറുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യുഎസിലെത്തുന്ന ആദ്യ വിദേശനേതാവാണ് മാരോസ്. യുഎസിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ.
കഴിഞ്ഞകൊല്ലം ഇരുരാജ്യത്തിനുമിടയിൽ ഒരു ലക്ഷംകോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. അതേസമയം, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ അസാന്നിധ്യത്തിലായിരിക്കും മാരോസുമായുള്ള വ്യാപാരചർച്ച. ഇത് കരാറുണ്ടാക്കുന്നകാര്യത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് വിദഗ്ധർ സംശയം പ്രകടിപ്പിച്ചു. ചർച്ച നടക്കുന്ന സമയം സ്കോട്ട് ബെസെന്റ് അർജന്റീനയിലായിരിക്കും.