മൺട്രിയോൾ : കരാർ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പണിമുടക്ക് പ്രഖ്യാപിച്ച് കെബെക്കിലെ ഡേകെയർ ജീവനക്കാർ. സിഎസ്‌എൻ-അഫിലിയേറ്റഡ് ഫെഡറേഷൻ ഡി ലാ സാന്റേ എറ്റ് ഡെസ് സർവീസസ് സോസിയക്സ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി കെബെക്കിൽ പ്രവർത്തിക്കുന്ന 400 സർക്കാർ ഡേകെയറുകളിലെ കുട്ടികളുടെ രക്ഷിതാക്കൾ പണിമുടക്ക് ദിവസങ്ങളിൽ കുട്ടികളെ ഇതര ശിശുസംരക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റണമെന്ന് പ്രവിശ്യ അറിയിച്ചു. കെബെക്ക് സർക്കാരും യൂണിയനും വരുംദിവസങ്ങളിൽ കരാർ ചർച്ചകൾ തുടരും.

അതേസമയം ശമ്പള വ്യവസ്ഥകൾ മാത്രമാണ് സർക്കാരും യൂണിയനും തമ്മിലുള്ള ഒത്തുതീർപ്പിന് തടസ്സമായി നിൽക്കുന്നതെന്ന് ഏർലി ചൈൽഡ്ഹുഡ് സെന്റേഴ്സ് മേഖലയിലെ യൂണിയൻ പ്രതിനിധി സ്റ്റെഫാനി വച്ചോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അഞ്ച് വർഷത്തിനുള്ളിൽ 17.4 ശതമാനം വേതന വർധന എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെബെക്ക് സർക്കാർ.