ഓട്ടവ : നഗരത്തിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി പുതിയ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി ഓട്ടവ. കൂടുതൽ ഡോക്ടർമാരെ തലസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി അടിയന്തരനടപടികൾ സ്വീകരിക്കും. 2026 ആകുമ്പോഴേക്കും 318,000 ഓട്ടവ നിവാസികൾക്ക് കുടുംബ ഡോക്ടർമാർ ഇല്ലാതെയാകുമെന്ന ഒന്റാരിയോ കോളേജ് ഓഫ് ഫാമിലി ഫിസിഷ്യൻസിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി.

പ്രവിശ്യയിലെ മറ്റ് മുനിസിപ്പാലിറ്റികൾ ഡോക്ടർമാരുടെ നിയമനത്തിനും നിലനിർത്തലിനും ആവശ്യമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും, ഈസ്റ്റേൺ ഒന്റാരിയോ ഫിസിഷ്യൻ റിക്രൂട്ട്‌മെന്റ് അലയൻസിൽ അംഗമല്ലാത്ത ഏക മുനിസിപ്പാലിറ്റി ഓട്ടവയാണെന്നും കൗൺസിലർ സ്റ്റെഫാനി പ്ലാന്റെ പറയുന്നു. അതിനാൽ ഉടൻതന്നെ ഓട്ടവയിൽ ഡോക്ടർമാരുടെ റിക്രൂട്ട്മെന്റിനാവശ്യമായ പദ്ധതികൾക്ക് തുടക്കം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഫാമിലി ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് മറ്റ് ഒന്റാരിയോ മുനിസിപ്പാലിറ്റികൾ സ്വീകരിച്ച നടപടികൾ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് സ്റ്റാഫ് പരിശോധിക്കണമെന്നും ഫിസിഷ്യൻ റിക്രൂട്ട്മെന്റ് ആൻഡ് റീടെയ്ൻമെന്റ് സ്ട്രാറ്റജിയ്ക്കുള്ള റിപ്പോർട്ട് ഉടൻ തയ്യാറാക്കണമെന്നും സ്റ്റെഫാനി പ്ലാന്റെ ആവശ്യപ്പെട്ടു.