വാഷിങ്ടൻ: പ്രൊട്ടക്ടിങ് ദി അമേരിക്കൻ പീപ്പിൾ എഗെൻസ്റ്റ് ഇൻവേഷൻ എന്ന പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായ പുതിയ ചട്ടം നിലവിൽ വന്നു. എച്ച് 1ബി വീസയിലുൾപ്പെടെ യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളുടെ കൈവശം കുടിയേറ്റ രേഖകൾ എപ്പോഴുമുണ്ടാകണമെന്ന പുതിയ ചട്ടമാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. യുഎസിൽ എത്തിയതും രാജ്യത്തു തങ്ങുന്നതും നിയമപരമായാണെന്നു തെളിയിക്കുന്ന രേഖകളാണ് എപ്പോഴും കയ്യിൽ വയ്ക്കേണ്ടത്. എച്ച് 1ബി വീസ, സ്റ്റുഡന്റ് വീസ തുടങ്ങിയ രേഖകൾ കയ്യിൽ എപ്പോഴും കരുതണം.

യുഎസിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ സർക്കാർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാത്ത കുടിയേറ്റക്കാർക്ക് പിഴയും തടവും ഉൾപ്പെടെ ശിക്ഷകളാണു നിർദേശിച്ചിരിക്കുന്നത്. നാടുകടത്തൽ ഉത്തരവു കയ്യിൽ കിട്ടിക്കഴിഞ്ഞും യുഎസിൽ തങ്ങിയാൽ ദിവസം 998 ഡോളർ എന്ന നിരക്കിൽ പിഴയടയ്ക്കണം. റജിസ്റ്റർ ചെയ്യാത്തവർക്ക് 6 മാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.