ഹാലിഫാക്സ് : അമേരിക്കയിലേക്കുള്ള അനാവശ്യ യാത്രകൾക്കെതിരെ മുന്നറിയിപ്പുമായി കനേഡിയൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്‌സ്. ട്രംപ് ഭരണകൂടം സൃഷ്ടിച്ച പ്രതിസന്ധി കാരണം, അതിർത്തി കടക്കുന്ന കാനഡക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് കനേഡിയൻ സർവകലാശാലകളിലെ അക്കാദമിക് സ്റ്റാഫിനെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ യാത്രാ ഉപദേശം പുറത്തിറക്കിയത്.
അമേരിക്കയുമായി നയതന്ത്രബന്ധം മോശമായ രാജ്യങ്ങളിലുള്ളവരോ, ട്രംപ് ഭരണകൂടത്തിൽ എതിർപ്പ് പ്രകടിപ്പിച്ചവരോ ആയ അക്കാദമിക് വിദഗ്ധർ അമേരിക്കയിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അസോസിയേഷൻ പറയുന്നു. ‘ട്രാൻസ്‌ജെൻഡർ’ വ്യക്തികൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. അതിർത്തി കടക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. സെൻസിറ്റീവ് വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അക്കാദമിക് വിദഗ്ധർ തയ്യാറാവണമെന്നും അസോസിയേഷൻ പറയുന്നു.

അമേരിക്കയിലേക്ക് പോകുന്നവർക്ക് അതിർത്തി കാവൽക്കാരുടെ പരിശോധന നേരിടേണ്ടിവരുമെന്നും പ്രവേശനം നിഷേധിച്ചാൽ തടങ്കലിൽ വയ്ക്കാനുള്ള സാധ്യതയുണ്ടെന്നും അറിയിച്ച് കനേഡിയൻ സർക്കാർ അടുത്തിടെ യാത്രാ ഉപദേശം പുതുക്കിയിരുന്നു.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ കണക്കുകൾ പ്രകാരം, കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള ക്രോസിങ്ങുകൾ, മാർച്ചിൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം 32% അഥവാ 8.64 ലക്ഷം യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ട്.