ഓട്ടവ : കനേഡിയൻ സമ്പദ്‌വ്യവസ്ഥ വ്യാപാരയുദ്ധത്തിൻ്റെ ആഘാതങ്ങൾ നേരിടുന്നതിനിടെ അടിസ്ഥാന പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ. മാർച്ചിൽ സെൻട്രൽ ബാങ്ക് അതിൻ്റെ പോളിസി നിരക്ക് കാൽ പോയിൻ്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് 225 ബേസിസ് പോയിൻറ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. ജൂണിന് ശേഷം ഇത് ആദ്യമായാണ് ബാങ്ക് നിരക്ക് കുറയ്ക്കുന്നത് താൽക്കാലികമായി നിർത്തുന്നത്.
യുഎസ് താരിഫ് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കാണാൻ സെൻട്രൽ ബാങ്കിന് കൂടുതൽ സമയം നൽകുന്നതിനാണ് പ്രധാന നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതെന്ന് ഗവർണർ ടിഫ് മക്ലെം പറയുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ ബാങ്ക് ഓഫ് കാനഡ പ്രതിജ്ഞാബദ്ധമാണെന്നും ഭാവിയിലെ നിരക്ക് തീരുമാനങ്ങളുമായി ശ്രദ്ധാപൂർവം മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.