എഡ്മിന്റൻ : ആൽബർട്ടയിലെ മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മാർക്ക് ജോഫ് ജോലി വിടാൻ തീരുമാനിച്ചതായി പ്രീമിയർ ഡാനിയേൽ സ്മിത്ത്. തിങ്കളാഴ്ച കരാർ അവസാനിച്ചതിനെത്തുടർന്ന് ജോഫ് സ്ഥാനത്തുനിന്ന് മാറിയതായി ചൊവ്വാഴ്ച പ്രവിശ്യാ സർക്കാർ സ്ഥിരീകരിച്ചു. എന്നാൽ, ജോലി വിടാനുള്ള തീരുമാനം എന്തുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഡോ. മാർക്ക് ജോഫ് കരാർ നീട്ടുമെന്ന് ആരോഗ്യമന്ത്രി പ്രതീക്ഷിച്ചിരുന്നുവെന്ന് തനിക്കറിയാമെന്നും ഏപ്രിൽ 14 ന് അത് അവസാനിച്ചതോടെ അദ്ദേഹം മറ്റ് അവസരങ്ങളിലേക്ക് പോകാൻ തീരുമാനിച്ചതായും സ്മിത്ത് നിയമസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു. ഇ-കോളി, അഞ്ചാംപനി തുടങ്ങിയ ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ സേവനം അഭിനന്ദനാർഹമാണെന്നും ആരോഗ്യരംഗത്ത് ഒരു ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസറെ കണ്ടെത്തുന്നതിനായി അഭിമുഖങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

അതേസമയം, ആൽബർട്ടയിൽ ബുധനാഴ്ച ആറ് അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ, ഈ വർഷത്തെ ആകെ അഞ്ചാംപനി കേസുകളുടെ എണ്ണം 83 ആയി.