തണ്ടർ ബേ : പ്രാദേശിക നഴ്‌സിങ് സ്റ്റേഷനിൽ ഉണ്ടായ കടുത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് വടക്കൻ ഒന്റാരിയോയിലെ നെസ്‌കാന്റഗ ഫസ്റ്റ് നേഷനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറ്റി മുപ്പതിലധികം താമസക്കാരെയും അവരുടെ വളർത്തുമൃഗങ്ങളെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് ആരോഗ്യ സേവനങ്ങൾ ഉടനടി ലഭ്യമാക്കുന്നതിനായാണ് ഇൻഡിജെനസ് സർവീസസ് കാനഡയുടെ പിന്തുണയോടെയുള്ള ഒഴിപ്പിക്കൽ.
അതേസമയം, നഴ്സിങ് സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനാൽ ഉയർന്ന അപകടസാധ്യതയുള്ള ആളുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തങ്ങൾ ഒരുക്കമല്ലെന്ന് ചീഫ് ഗാരി ക്വിസെസ് ഊന്നിപ്പറഞ്ഞു.

അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് മുൻപ് വെള്ളപ്പൊക്കത്തിൽ മുങ്ങിയ നഴ്സിങ് സ്റ്റേഷനിലെ നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വായു ഗുണനിലവാര പരിശോധനയിൽ ആരോഗ്യപരമായ അപകടങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനുശേഷം മാത്രമേ കമ്മ്യൂണിറ്റി അംഗങ്ങളും ജീവനക്കാരും മടങ്ങിയെത്തുകയുള്ളൂ.

അതേസമയം, വടക്കൻ ഒന്റാരിയോയിലെ കാഷെചെവാൻ ഫസ്റ്റ് നേഷനിലും വെള്ളപ്പൊക്കം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 250 താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ടിമ്മിൻസ് നഗരത്തിലേക്കാണ് കുടിയിറക്കപ്പെട്ടവരെ മാറ്റിയത്. ആവർത്തിച്ചുള്ള വെള്ളപ്പൊക്ക പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ രണ്ട് കമ്മ്യൂണിറ്റികളും ആശങ്കയിലാണ്. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനും താമസക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനും സുസ്ഥിരമായ പരിഹാരങ്ങളുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.