വാഷിങ്ടണ്‍: ചൈനയിൽ കോടിക്കണക്കിന് ഡോളറിന്‍റെ ബിസിനസ് ഉള്ളതിനാൽ ചൈനയ്ക്കെതിരായ പദ്ധതികളെക്കുറിച്ച് ഇലോൺ മാസ്കിനെ അറിയിക്കരുതെന്ന് കർശന നിർദേശവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മസ്‌കിന് പെന്‍റഗണിൽ നിന്ന് ചൈനക്കെതിരായ യു എസ് നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പിന്നാലെയാണ് കർശന നിർദേശം.

ചൈനയുമായി യുദ്ധമുണ്ടായാൽ നേരിടാനുള്ള യുഎസ് സൈന്യത്തിന്‍റെ പദ്ധതികളെക്കുറിച്ച് മസ്കിനോട് പെന്‍റഗണ്‍ വിശദീകരിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് മാർച്ച് 20ന് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയുമായി ബന്ധപ്പെട്ട സൈനിക പദ്ധതികളെക്കുറിച്ചുള്ള ചർച്ചയ്ക്കല്ല മസ്ക് വരുന്നതെന്ന് ട്രംപും പെന്‍റഗണും പിന്നാലെ വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങൾ അത്തരം നുണകൾ കെട്ടിച്ചമയ്ക്കുന്നത് അപമാനകരമാണെന്ന് അന്ന് ട്രംപ് രൂക്ഷ വിമർശനം നടത്തി. ചൈനയെക്കുറിച്ച് മസ്കിനോട് സംസാരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയ ശേഷമാണ് ട്രംപ് ആ സന്ദേശം പോസ്റ്റ് ചെയ്തതെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. മസ്കിന്‍റെ ടെസ്‌ലയ്ക്ക് ചൈനയിലാണ് ഏറ്റവും വലിയ ഫാക്ടറിയുള്ളത്. കഴിഞ്ഞ വർഷം ടെസ്‌ല പകുതിയോളം കാറുകൾ ഇവിടെയാണ് നിർമിച്ചത്.