റെജൈന : 13 ഫാക്കൽറ്റി, 10 പ്രൊഫഷണൽ സർവീസ് ജീവനക്കാർ, നാല് ഔട്ട് ഓഫ് സ്കോപ്പ് ജീവനക്കാർ ഉൾപ്പടെ 27 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ച് സസ്കാച്വാൻ പോളിടെക്നിക്. ഇതിൽ പോളിടെക്‌നിക്കിലെ ഒരു ശതമാനം ജീവനക്കാർ ഉൾപ്പെടുന്നതായി സ്കൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിലെ വിപണി ആവശ്യകത, പ്രവർത്തന കാര്യക്ഷമത, ബജറ്റ് ഉത്തരവാദിത്തം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള അവലോകത്തിന് ശേഷമാണ് നീക്കം. കാനഡയിലുടനീളമുള്ള പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളെപ്പോലെ സസ്കാച്വാൻ പോളിടെക്‌നിക്കും രാജ്യാന്തര വിദ്യാർത്ഥികളുടെ പ്രവേശനത്തിലും വരുമാനത്തിലും കുറവും നേരിടുന്നതായി സ്കൂൾ പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. താരിഫുകളെക്കുറിച്ചുള്ള ആശങ്ക കൂടെ കണക്കിലെടുത്താണ് പുതിയ നീക്കം. ഏതൊക്കെ വകുപ്പുകളെയും പ്രോഗ്രാമുകളെയും പിരിച്ചുവിടൽ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ഫെഡറൽ സർക്കാർ നൽകുന്ന വീസകളുടെ എണ്ണം ഭാഗികമായി കുറച്ചതിനാലാണ് പ്രവിശ്യയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം കുറഞ്ഞത്. ഒരു വർഷത്തിലേറെ മുമ്പ്, ഫെഡറൽ സർക്കാർ സ്റ്റഡി വീസകളുടെ 35% വെട്ടിക്കുറച്ചു. രാജ്യാന്തര വിദ്യാർത്ഥികൾ ആഭ്യന്തര വിദ്യാർത്ഥികളേക്കാൾ വളരെ ഉയർന്ന ട്യൂഷൻ ഫീസാണ് നൽകുന്നത്. റെജൈന സർവകലാശാല പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പുതുതായി പ്രവേശനം നേടിയ രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്. 2024 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ശൈത്യകാല കാലയളവിൽ 50 ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുമ്പോൾ അസോസിയേഷന് ആശങ്കയുണ്ടെന്ന് സസ്കാച്വാൻ പോളിടെക്നിക് ഫാക്കൽറ്റി അസോസിയേഷൻ (SPFA) പ്രസിഡന്റ് മിഷേൽ ഡൗണ്ടൺ പറഞ്ഞു. പ്രവിശ്യയിലും ദേശീയതലത്തിലും മികച്ച വിദ്യാഭ്യാസം നൽകുന്ന ഒരു മുൻനിര സ്ഥാപനമാണ് സസ്കാച്വാൻ പോളിടെക്നിക്. അതിനാൽ സ്ഥാപനത്തിന്‍റെ ഉന്നമനത്തിന് വേണ്ടിയും പുതിയ നീക്കങ്ങൾ ബന്ധിക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടിയും മാനേജ്മെന്റുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മിഷേൽ ഡൗണ്ടൺ കൂട്ടിച്ചേർത്തു.