എഡ്മിന്റൻ : ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പദ്ധതിയിട്ട് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ഒരാഴ്ചത്തെ മീറ്റിങ്ങുകൾക്കായി പസഫിക് കടന്നുള്ള യാത്ര ഇന്ന് ആരംഭിക്കുമെന്ന് ഡാനിയേൽ സ്മിത്തിന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏഷ്യയിലുടനീളം ആൽബർട്ടയുടെ ഊർജ്ജം, കൃഷി, മറ്റ് വിപണികൾ എന്നിവ വളർത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം.
ജപ്പാനിലെ സർക്കാർ ഉദ്യോഗസ്ഥർ, ഇറക്കുമതിക്കാർ, ഊർജ്ജ, കാർഷിക മേഖലാ നേതാക്കൾ എന്നിവരുമായി സ്മിത്ത് കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ജപ്പാന്റെ വർധിച്ചുവരുന്ന ഊർജ്ജ, ഭക്ഷ്യസുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിനായി ആൽബർട്ടയെ അനുയോജ്യ പങ്കാളിയായി ഉയർത്തും.

2024-ൽ ആൽബർട്ടയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായിരുന്നു ജപ്പാൻ. ആൽബർട്ടയുടെ ജപ്പാനിലേക്കുള്ള കയറ്റുമതി ഏകദേശം 270 കോടി ഡോളറായിരുന്നു. ഊർജ്ജ കയറ്റുമതിയിൽ നിന്നുള്ള വരവ് ആകെത്തുകയുടെ ഏകദേശം 100 കോടി ഡോളറായിരുന്നു.
പിന്നീട്, ആൽബർട്ടയുമായി ദീർഘകാല സഹോദര പ്രവിശ്യാ ബന്ധമുള്ള ദക്ഷിണ കൊറിയയിലെ ഗാങ്‌വോൺ സ്റ്റേറ്റ് സന്ദർശിക്കും. കൊറിയൻ കമ്പനികൾ പ്രവിശ്യയിൽ ഗണ്യമായ നിരവധി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും നിരവധി കമ്പനി ആസ്ഥാനങ്ങൾ കാൽഗറിയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ആൽബർട്ടയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2024 ൽ ഏകദേശം 150 കോടി ഡോളറായിരുന്നു. 2024-ൽ ആൽബർട്ടയുടെ ഈ മേഖലയിലേക്കുള്ള മൊത്തം കയറ്റുമതി 120 കോടി ഡോളറായിരുന്നുവെന്നും അതിൽ പ്രധാനമായും ഊർജ്ജം, നിക്കൽ, മാംസം, വുഡ് പൾപ്പ് എന്നിവയായിരുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.