ലൊസാഞ്ചലസ് : കനേഡിയൻ ഇൻഡി റോക്ക് ബാൻഡായ ദി ന്യൂ പോർണോഗ്രാഫേഴ്‌സിന്റെ ഡ്രമ്മർ ജോസഫ് സീഡേഴ്‌സിനെ കാലിഫോർണിയയിൽ അറസ്റ്റ് ചെയ്‌തു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വച്ചതിനെ തുടർന്നാണ് അറസ്റ്റെന്ന് അധികൃതർ അറിയിച്ചു.
നാൽപ്പത്തി നാലുകാരനായ സീഡേഴ്‌സ് കാലിഫോർണിയയിലെ പാം ഡെസേർട്ടിലുള്ള ചിക്ക്-ഫിൽ-എ റസ്റ്റോറന്റിലെ ബാത്ത്റൂമിൽ വെച്ച് ഫോണിൽ ആൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായി പ്രാദേശിക ഷെരീഫ് പറഞ്ഞു. അതേസമയം ഇയാൾക്കെതിരെ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ 11 വയസ്സുള്ള ആൺകുട്ടി ബാത്ത്റൂം ഉപയോഗിക്കുമ്പോൾ ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്‌തതുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോർട്ട് പൊലീസിന് ലഭിച്ചിരുന്നു. അതിന് പിന്നലെയാണ് ചിക്-ഫിൽ-എയിൽ
വീണ്ടും പ്രതിക്കെതിരെ ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്‌തത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾക്കെതിരെയുള്ള തെളിവുകൾ കണ്ടെത്തുകയായിരുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈവശം വയ്ക്കൽ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തുടങ്ങി നിരവധി കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി പ്രാദേശിക ഷെരീഫ് വകുപ്പ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു .