മൺട്രിയോൾ : പ്രവിശ്യയുടെ ക്രെഡിറ്റ് റേറ്റിങ് താഴുന്നത് ഒഴിവാക്കാൻ ഉതകുന്ന സാമ്പത്തിക തീരുമാനങ്ങൾ തന്റെ സർക്കാരിന് എടുക്കാമായിരുന്നുവെന്ന് കുറ്റസമ്മതം നടത്തി കെബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട്. അടുത്തിടെ മുൻനിര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് & പുവേഴ്‌സ് (എസ് & പി) കെബെക്കിന്റെ ഗ്രേഡ് തരംതാഴ്ത്തിയിരുന്നു. ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുക, സർക്കാർ ജീവനക്കാരുടെ വേതന വർധന, വരുമാനം കുറയുക തുടങ്ങിയ ഘടകങ്ങളാണ് 30 വർഷത്തിനിടെ ആദ്യമായി ഉണ്ടായ തരംതാഴ്ത്തലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കോർപ്പറേഷനുകളുടെയും പരമാധികാര രാഷ്ട്രങ്ങളുടെയും സാമ്പത്തിക ആരോഗ്യം വിലയിരുത്തുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസിയാണ് എസ് & പി.

എന്നാൽ, ഗ്രേഡ് തരംതാഴ്ത്തൽ മോശം വാർത്തയാണെന്ന് സമ്മതിച്ച ലെഗോൾട്ട്, തന്റെ സർക്കാരിന്റെ തീരുമാനങ്ങൾ ബോധ്യത്താൽ നയിക്കപ്പെട്ടതാണെന്നും വാദിച്ചു. 2025-2026 വർഷത്തേക്ക് ഏകദേശം 1400 കോടി ഡോളറിന്റെ റെക്കോർഡ് കമ്മി പ്രവചനം ഉണ്ടായിരുന്നിട്ടും, കെബെക്ക് ഇപ്പോഴും നല്ല സാമ്പത്തിക സ്ഥിതിയിലാണെന്നും ലെഗോൾട്ട് പറയുന്നു. നൂറുകണക്കിന് കമ്പനികളെ പിന്തുണയ്ക്കുന്നതിലും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിലും സർക്കാർ സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനത്തിലേക്കും അദ്ദേഹം വിരൽ ചൂണ്ടി. അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുക, സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുക, കെബെക്ക് ജനതയുടെ നികുതി ഭാരം ലഘൂകരിക്കുക എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുകാട്ടി.