ന്യൂഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് നാല് പേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിലാണ് ആറ് നില കെട്ടിടം തകർന്ന് അപകടമുണ്ടായത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്നലെ വൈകുന്നേരം 7ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ പൊടിക്കാറ്റും കനത്ത മഴയുമാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് നിഗമനം. കെട്ടിടത്തിന് ബലക്ഷയമുണ്ടായിരുന്നതായും ആരോപണമുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഡൽഹി പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്.