സന: യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 80 പേർ മരിച്ചതിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു.
വ്യാഴാഴ്ചയാണ് റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് ആക്രമണം നടത്തിയത്. ഹൂതികളെ ലക്ഷ്യമിട്ടു മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങളിൽ ഏറ്റവും മാരകമാക ആക്രമണമായിരുന്നു റാസ് ഇസയിൽ നടന്നതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 80 പേർ മരിക്കുകയും 171 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ ഇന്ധന സ്രോതസുകൾ ഇല്ലാതാക്കുന്നതു വഴി വരുമാനം നിർത്തലാക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് അറിയിച്ചു.

ചെങ്കടലിലെ കപ്പലുകള്‍ക്കു നേരെയുള്ള ഹൂതി ആക്രമണം ഇല്ലാതാകുന്നതുവരെ യെമനു നേരെ അതിശക്തമായ ആക്രമണം നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. 2023 ഒക്ടോബർ 7 മുതലാണ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചെങ്കടലിലൂടെയുള്ള ഇസ്രയേല്‍ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം ആരംഭിച്ചത്.