ഓട്ടവ : നാളെ നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുൻകൂർ വോട്ടെടുപ്പിൽ ബൂത്തുകളിലേക്ക് ഒഴുകിയെത്തിയത്ത് ആയിരങ്ങളെന്ന് ഇലക്ഷൻസ് കാനഡ. 2021 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിങ്ങാണ് മുൻകൂർ വോട്ടെടുപ്പിൽ ഈ തവണ രേഖപ്പെടുത്തിയത്. 2021-ൽ യോഗ്യരായ വോട്ടർമാരിൽ 62.6 ശതമാനം പേരാണ് ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് , 2019-ൽ ഇത് 67 ശതമാനവും 2015-ൽ 68.3 ശതമാനവും ആയിരുന്നു. ഈ വർഷത്തെ കണക്കുകൾ പ്രകാരം ഏപ്രിൽ 18 നും ഏപ്രിൽ 21 നും ഇടയിൽ രാജ്യത്തുടനീളം ഏകദേശം 7,280,975 വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്.

2021 ലെ മുൻകൂർ വോട്ടെടുപ്പിൽ 5,852,391 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. മുൻകൂർ വോട്ടെടുപ്പിൽ 43,394 വോട്ടുകൾ രേഖപ്പെടുത്തിയ കാൾട്ടണിലാണ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 2021 ൽ ഇത് 31,220 ആയിരുന്നു. അതേസമയം ഓട്ടവയിൽ ഒമ്പത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ 9 പ്രവിശ്യകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.