ഓട്ടവ : ലോകത്ത് ഏറ്റവും കൂടുതൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ കാനഡയിലെന്ന് സർവേ റിപ്പോർട്ട്. മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളേക്കാൾ കൂടുതൽ ശരാശരി റിമോട്ട് ജോലി ദിനങ്ങൾ കാനഡയിലെ ജീവനക്കാർക്കാണെന്നും സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് പോളിസി റിസർച്ചിലെ ഗവേഷകർ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച സർവേയിൽ കണ്ടെത്തി.
40 രാജ്യങ്ങളിലെ 16,000 ബിരുദധാരികളിൽ നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയത്. സർവേ പ്രകാരം, കാനഡയിലെ ജീവനക്കാർ ശരാശരി ആഴ്ചയിൽ 1.9 ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. അതേസമയം, വർക്ക് ഫ്രം ഹോം ജോലികളിൽ യുകെ രണ്ടാം സ്ഥാനത്തും, ഫിൻലാൻഡ്, യുഎസ്, ജർമ്മനി, ചൈന എന്നിവ തൊട്ടുപിന്നാലെയുമുണ്ട്. പോർച്ചുഗൽ, ഹംഗറി, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ഉയർന്ന റാങ്കിൽ ഇടംപിടിച്ചു.

കാനഡ, യുകെ, യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ് അടക്കമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ കൂടുതലെന്ന് സർവേ കണ്ടെത്തി. ഈ രാജ്യങ്ങളിലെ ജീവനക്കാർ ആഴ്ചയിൽ ശരാശരി 1.5 മുതൽ രണ്ട് ദിവസം വരെ റിമോട്ടായി ജോലി ചെയ്യുന്നു. ഗ്രീസ്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് റിമോട്ട് വർക്കിങ്ങിൽ ഏറ്റവും പിന്നിൽ.

കുട്ടികളുള്ള ആളുകൾ ഹൈബ്രിഡ് ജോലി രീതി തിരഞ്ഞെടുക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. അതേസമയം, കുട്ടികളില്ലാത്തവർ പൂർണ്ണമായും റിമോട്ട് അല്ലെങ്കിൽ പൂർണ്ണമായും ഓഫീസിൽ പോയി ജോലി ചെയ്യുന്ന പ്രവണത കാണിക്കുന്നു. ലോകമെമ്പാടുമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും കണക്കുകൾ സമാനമാണെങ്കിലും, കുട്ടികളുള്ള സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കൂടുതൽ താല്പര്യമുണ്ടെന്ന് സർവേ കണ്ടെത്തി. 2023 നെ അപേക്ഷിച്ച് റിമോട്ട് വർക്കിങ് 2024-25 ൽ ഗണ്യമായി കുറഞ്ഞെങ്കിലും പിന്നീട് സ്ഥിരത കൈവരിച്ചതായും സർവേ പറയുന്നു.