ടൊറന്റോ : വൻകൂവറിൽ നടന്ന ഫിലിപ്പീൻസ് കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനമിടിച്ച് കയറി ഒമ്പതോളം പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ചതായി കാർണിയുടെ പ്രചാരണ വിഭാഗം അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവകളും കാനഡയെ യുഎസ് സംസ്ഥാനമാക്കുമെന്ന ഭീഷണികളും കേന്ദ്രീകരിച്ച് രാഷ്ട്രീയ നേതാക്കൾക്ക് വോട്ടർമാരെ അഭിസംബോധന ചെയ്യുന്നതിനുള്ള അവസാന ദിവസമാണ് ഇന്ന്.

വൻകൂവറിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ മാർക്ക് കാർണി സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. ഫെസ്റ്റിവലിൽ നിന്ന് പുറത്തുവന്ന “ഭയാനകമായ” വാർത്തകൾക്ക് ശേഷം തന്റെ ചിന്തകൾ വൻകൂവറിലെ ഫിലിപ്പിനോ സമൂഹത്തിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് പറഞ്ഞു. അതേസമയം, ഒന്റാരിയോയിലെ ഓക്ക്‌വില്ലിൽ ഇന്ന് നടത്താനിരിക്കുന്ന റാലിയെക്കുറിച്ച് കൺസർവേറ്റിവ് ലീഡർ പ്രതികരിച്ചിട്ടില്ല.