ബെയ്‌ജിങ്ങ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് ചൈന. ന്യൂഡൽഹിയും ഇസ്ലാമാബാദും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്തു. ഭീകരാക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ ചൈന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പിന്തുണ നൽകുന്നുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വാങ് പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ നടപടികളിൽ ചൈന എപ്പോഴും പാകിസ്ഥാനെ പിന്തുണച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ന്യായമായ സുരക്ഷാ ആശങ്കകൾ ചൈന പൂർണ്ണമായി മനസ്സിലാക്കുകയും രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ പാകിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി ചൈന പുറത്തിറക്കിയ വായനക്കുറിപ്പിൽ വാങ് കൂട്ടിച്ചേർത്തു. അതേസമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.