ടെഹ്റാൻ: തെക്കൻ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 18 ആയി. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. ഹൊർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് സ്ഫോടനമുണ്ടായത്. പിന്നാലെ തീപടരുകയായിരുന്നു. കണ്ടെയ്നർ ചരക്കുനീക്കത്തിനുള്ള ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്.
സംഭവത്തിൽ ഇറാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

സ്‌ഫോടനത്തെത്തുടർന്ന് തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. കണ്ടെയ്നറുകള്‍ക്കുള്ളിൽ രാസവസ്തുക്കളുണ്ടായിരുന്നെന്നും ഇതാണ് സ്ഫോടനത്തിനു കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.