വൻകൂവർ : ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് (വിപിഡി). രാത്രി 8 മണിക്ക് ശേഷമാണ്, E. 41st അവന്യൂവിനും ഫ്രേസർ സ്ട്രീറ്റിനും സമീപം നടന്ന സ്ട്രീറ്റ് ഫെസ്റ്റിവലിലേക്കാണ് ബ്ലാക്ക് എസ്‌യുവി കാർ ഇടിച്ചു കയറിയത്. അതേസമയം, വൻകൂവർ സ്വദേശിയായ 30 വയസ്സുള്ള ഡ്രൈവർ കസ്റ്റഡിയിലാണെന്ന് അധികൃതർ അറിയിച്ചു.

ഒരു കുട്ടി ഉൾപ്പെടെ ഒൻപത് പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. സംഭവസ്ഥലത്തു നിന്നുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നു.
വൻകൂവർ മേയർ കെൻ സിം, ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി തുടങ്ങിയവർ സംഭവത്തിൽ ഞെട്ടലും വേദനയും പ്രകടിപ്പിച്ചു.