മൺട്രിയോൾ : കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള ട്രംപിന്‍റെ നിരന്തര പ്രഖ്യാപനങ്ങൾ അടക്കം നിലനിൽക്കേ, രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാൻ കെബെക്ക് ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. പ്രവിശ്യയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബ്ലോക്ക് കെബെക്കോയിസിനെ മാറ്റി നിർത്തി, കനേഡിയൻ ഐക്യദാർഢ്യം സ്ഥാപിക്കാൻ കെബെക്ക് ജനത, മറ്റ് മുൻനിര പാർട്ടികളെ പിന്തുണച്ചേക്കാമെന്ന വസ്തുതയിലേക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇപ്‌സോസ് നടത്തിയ സർവേ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്.

ജനുവരിയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് ഭൂപ്രകൃതി ഫെഡറൽ ലിബറലുകൾക്ക് അനുകൂലമായിട്ടുണ്ട്. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ, ബ്ലോക്ക് കെബെക്കോയിസും ലിബറലുകളും കെബെക്കിലെ 78 സീറ്റുകളിൽ ഭൂരിഭാഗവും പങ്കിട്ടു. എന്നാൽ, സമീപകാല സർവേകൾ കാണിക്കുന്നത് ബ്ലോക്ക് കെബെക്കോയിസിനുള്ള പിന്തുണ കുറഞ്ഞുവെന്നും, ലിബറലുകൾക്കും കൺസർവേറ്റീവുകൾക്കും കൂടുതൽ സീറ്റുകൾ ലഭിച്ചേക്കാമെന്നുമാണ്.
ട്രംപ് പ്രഖ്യാപനങ്ങൾ കെബെക്ക് ജനതയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കു മേൽ ചെലുത്തിയ സ്വാധീനങ്ങൾ കാണാതിരിക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ സെബാസ്റ്റ്യൻ ഡാലെയർ കഴിഞ്ഞ ആഴ്ച പ്രതികരിച്ചിരുന്നു. ഇത് പ്രവിശ്യയിൽ ചരിത്രപരമായി വിജയിച്ചു വരുന്ന പാർട്ടിയോടുള്ള ആഭിമുഖ്യം കുറയാനും മാറ്റത്തിന് വേണ്ടി വോട്ട് രേഖപ്പെടുത്തണമെന്ന ബോധം വളരാനും കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവേകളിൽ പ്രതികരിച്ച ചില കെബെക്ക് നിവാസികൾ പറയുന്നത്, തങ്ങളുടെ നിലപാട് മാറ്റം ലിബറലുകൾക്കുള്ള അംഗീകാരമല്ല, മറിച്ച് ട്രംപിന്‍റെ താരിഫുകളുടെയും കാനഡയെ യുഎസ് സംസ്ഥാനമാക്കാനുള്ള ഭീഷണികളുടെയും ഇടയിലുള്ള അനിവാര്യമായ നീക്കമാണെന്നാണ്.