ബെയ്റൂട്ട് : ലബനാൻ തലസ്ഥാനമായ ബെയ്‌റൂട്ടിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ വർഷം നവംബറിൽ രൂപപ്പെടുത്തിയ വെടിനിർത്തൽ കരാർ ലംഘിച്ചാണ് ദക്ഷിണ ബെയ്റൂട്ടിലെ കെട്ടിടത്തിന് നേരെ ഞായറാഴ്ച ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
പ്രദേശത്ത് നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണം. ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ ലഭ്യമല്ല. ഹിസ്ബുല്ലയുടെ മിസൈൽ ശേഖരം ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ നൽകുന്ന വിശദീകരണം. എന്നാൽ ലബനാൻ സർക്കാറും ഹിസ്ബുല്ലയും ഇത് നിഷേധിച്ചു.

അടിക്കടി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലബനാൻ പ്രസിഡന്‍റ് ജോസഫ് അവോൻ പറഞ്ഞു. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച അമേരിക്കയോടും ഫ്രാൻസിനോടും രാജ്യത്തിനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.