ഇസ്രയേല്‍ അതിര്‍ത്തികള്‍ അടച്ചതോടെ 60 ദിവസമായി, ഭക്ഷണമോ ഇന്ധനമോ മരുന്നോ എത്താതെ ഗാസമുനമ്പ്. വിതരണം ചെയ്യാൻ സഹായ സംഘങ്ങൾക്ക് ഭക്ഷണപ്പൊതികള്‍ എത്തുന്നില്ല. ചന്തകള്‍ പൂര്‍ണമായി ശൂന്യം. ഇസ്രയേല്‍ ഗാസയില്‍ പട്ടിണി അടിച്ചേല്‍പ്പിക്കുകയാണെന്ന് പലസ്‌തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ എജന്‍സി പ്രതികരിച്ചു. ഗാസയിലെ യുഎൻ ഭക്ഷ്യശേഖരം പൂർണമായി തീർന്നു. മരുന്നുക്ഷാമം നിരവധി രോഗികളുടെ മരണത്തിന് ഇടയാക്കി. ഡയാലിസിസ് ആവശ്യമായ രോഗികൾ കടുത്ത പ്രതിസന്ധിയിൽ.

ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ ടിന്നിലടച്ച സംസ്‌കരിച്ച ഭക്ഷണസാധനങ്ങള്‍ കൊണ്ടാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 16 വയസ്സിന് താഴെയുള്ളവരിൽ പോഷകാഹാരക്കുറവ് രൂക്ഷമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസയില്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം മാര്‍ച്ചില്‍ 3,700 ആയി.ഫെബ്രുവരിയിലേതിനേക്കാള്‍ 80 ശതമാനം കൂടുതലാണിത്. ഇസ്രയേൽ സൈന്യം കൃഷിഭൂമി വ്യാപകമായി നശിപ്പിച്ചതോടെ പ്രാദേശികമായി ലഭിക്കാറുള്ള പച്ചക്കറികള്‍പോലും കിട്ടാതായി.
വെടിനിർത്തൽ ചര്‍ച്ചകള്‍ക്കായി കെയ്റോയില്‍ ചേരുന്ന യോഗത്തില്‍ ഗാസയിലെ മാനുഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. ഹമാസ് പ്രതിനിധി സംഘം കെയ്റോയിലുണ്ട്.