മൺട്രിയോൾ : കെബെക്കിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ അവിടെ ലിബറൽ പാർട്ടി ഭൂരിപക്ഷ സർക്കാർ സ്ഥാപിക്കാൻ ആവശ്യമായ സീറ്റുകൾ നേടാൻ ശ്രമിക്കുകയാണ്. എന്നാൽ തങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിച്ചാൽ അധികാരപങ്കാളിത്തം അവകാശപ്പെടാൻ കഴിയുമെന്ന് ബ്ലോക്ക് കെബെക്കോയിസും പ്രതീക്ഷിക്കുന്നു.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ തീരുവ ഭീഷണികളും വ്യാപാരപ്രതിസന്ധികളും ശക്തമായതോടെ ബ്ലോക്ക് കെബെക്കോയിസ് ലീഡർ യെവ്സ്-ഫ്രാൻസ്വ ബ്ലോഷേറ്റിന് കെബെക്കിലെ പ്രചാരണം കടുത്ത വെല്ലുവിളിയായിരുന്നു. ലിബറലുകൾക്ക് മുന്നിൽ തന്‍റെ പാർട്ടി പരാജയപ്പെടുമെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. അതിനാൽ പ്രചാരണങ്ങൾ വിലയിരുത്തുമ്പോൾ കെബെക്കോയിസ് ഔദ്യോഗിക പാർട്ടി പദവി നിലനിർത്താൻ ആവശ്യമായ 12 സീറ്റുകളിൽ താഴെ മാത്രമേ നിലനിർത്താൻ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തൽ. മാർക്ക് കാർണിയുടെ പ്രചാരണങ്ങൾ ശക്തമായിരുന്നെങ്കിലും പ്രവിശ്യയിലെ 78 സീറ്റുകളിൽ 50 എണ്ണത്തോളം ലിബറലുകൾ നേടാൻ സാധ്യതയുള്ളതായാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

പ്രചാരണത്തിന്‍റെ ആദ്യ രണ്ടാഴ്ചകളിൽ കെബെക്കിനെ സംബന്ധിച്ച വിഷയങ്ങൾ ഒന്നും തന്നെ ചർച്ചയായിരുന്നില്ലെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധ അന്റോണിൻ യാക്കാരിനി പറഞ്ഞു. ട്രംപിനെക്കുറിച്ച് മാത്രം സംസാരിച്ചതിനാൽ ബ്ലോക്ക് കെബെക്കോയിസിന് പ്രവിശ്യ നിവാസികളുടെ ശ്രദ്ധയാകർഷിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ ഒരു ലിബറൽ ഗവൺമെൻ്റ് പിറവിയെടുക്കാനാണ് സാധ്യതയെന്നും എന്നാൽ ഒരു ചെറിയ ബ്ലോക്ക് പുനരുജ്ജീവനം ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള വ്യത്യാസം സൃഷ്ടിക്കാൻ സഹായിക്കുമെന്നും യാകാരിനി കൂട്ടിച്ചേർത്തു. ലിബറലുകൾ മാറ്റാൻ ആഗ്രഹിക്കുന്ന മൺട്രിയോൾ ദ്വീപിന് ചുറ്റുമുള്ള ബ്ലോക്കിന്‍റെ കൈവശമുള്ള പല സീറ്റുകളും താൻ നിരീക്ഷിക്കുമെന്നും യാകാരിനി പറഞ്ഞു.
കെബെക്കിൽ ലിബറലുകൾക്ക് നിലവിൽ 33 സീറ്റുകളും ഉണ്ട്. എന്നാൽ പോൾ അഗ്രഗേറ്റർ 338കാനഡയുടെ റിപ്പോർട്ട് പ്രകാരം ലിബറലുകൾ പ്രവിശ്യയിൽ ഏകദേശം 40 സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്ലോക്ക് കെബെക്കോയിസിന് ഏകദേശം 24 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2019 മുതൽ മൺട്രിയോളിൽ ഒരു സീറ്റിൽ മാത്രം ചുരുങ്ങിയ എൻഡിപിക്ക് കെബെക്കിൽ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷയില്ല.