വാഷിങ്ടൻ: അമേരിക്കയിലെ വാണിജ്യ ട്രക്ക് ഡ്രൈവർമാർ ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയിരിക്കണമെന്ന് നിഷ്കർഷിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലെ വാണിജ്യ ട്രക്ക് ഡ്രൈവർമാർ ഇംഗ്ലീഷിൽ പ്രാവീണ്യം നേടണമെന്നും, ഗതാഗത ചിഹ്നങ്ങൾ വായിക്കാനും, ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും, അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കാനും കഴിയുമെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നതാണ് എക്സിക്യൂട്ടീവ് ഉത്തരവ്. ഇത് റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ സഹായകമാകും. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ട്രക്ക് ഡ്രൈവർമാർ നിർണായക പങ്ക് വഹിക്കുന്നതായും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

മാർച്ചിൽ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇംഗ്ലീഷ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി ട്രംപ് നിയമിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച ഒപ്പുവെച്ച ഉത്തരവിൽ, പ്രൊഫഷണൽ ഡ്രൈവർമാർക്ക് ഇംഗ്ലീഷിലെ പ്രാവീണ്യം നിർബന്ധമാണെന്നും ട്രംപ് പറഞ്ഞു. ഗതാഗത സെക്രട്ടറി ഷോൺ ഡഫി പുതിയ ഇംഗ്ലീഷ് പ്രാവീണ്യ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കും. ഇത് പാലിക്കാത്ത ഡ്രൈവർമാരെ സർവീസിൽ നിന്ന് പുറത്താക്കുമെന്നും ഉത്തരവിൽ പറയുന്നു