വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യങ്ങൾക്കുമേൽ ചുമത്തിയ വാഹനതാരിഫുകൾ കുറയ്ക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ഇതിലൂടെ ആഭ്യന്തര വാഹന നിർമ്മാതാക്കളുമായും തൊഴിലാളികളുമായും പ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വാണിജ്യ സെക്രട്ടറി വ്യക്തമാക്കി.’ആഭ്യന്തരമായി ഉൽപ്പാദനം നടത്തുന്ന കമ്പനികൾക്ക് പ്രതിഫലം നൽകുന്നതിലൂടെയും, അമേരിക്കയിൽ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്ന നിർമ്മാതാക്കൾക്ക് ഒരു വഴി തുറന്ന് നൽക്കുന്നതിലൂടെയും ഈ നീക്കം ട്രംപിന്റെ ഒരു വലിയ വിജയമാണ്’ ഹോവാർഡ് ലുട്നിക് കൂട്ടിച്ചേർത്തു.

ഈ നീക്കം താരിഫ് അടയ്ക്കുന്ന കാർ കമ്പനികളിൽ നിന്ന് സ്റ്റീൽ, അലുമിനിയം തുടങ്ങിയ മറ്റ് ലെവികൾക്ക് ഈടാക്കില്ലെന്നും ഇതിനകം അടച്ച അത്തരം താരിഫുകൾക്ക് റീഇംബേഴ്‌സ്‌മെന്റ് നൽകുമെന്നും അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ കുറിച്ചു. ഓട്ടോ ലെവികളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നീക്കമാണിതെന്നാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.