ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബ ടോപ് കമാൻഡറെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പാകിസ്ഥാനിൽ നിന്നുളള ലഷ്കറെ കമാൻഡർ ഫാറൂഖ് അഹമ്മദാണ് കശ്മീരിൽ ഭീകരർക്ക് പരിശീലനം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കായി എൻഐഎ തിരച്ചിൽ ഊർജ്ജിതമാക്കി. കുപ്‌വാരയിലെ അഹമ്മദിന്റെ വീട് അടുത്തിടെ സുരക്ഷാ സേന പൊളിച്ചുമാറ്റിയിരുന്നു.
നിലവിൽ പാക് അധിനിവേശ കശ്മീരിൽ ഉണ്ടെന്ന് കരുതപ്പെടുന്ന അഹമ്മദ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ തന്റെ സ്ലീപ്പർ സെൽ ശൃംഖല വഴി കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും കൊലപ്പെടുത്തിയ പഹൽഗാം ആക്രമണമാണ്. പാകിസ്ഥാനിലെ മൂന്ന് സെക്ടറുകളിൽ നിന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ അഹമ്മദ് സൗകര്യമൊരുക്കുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. ഇയാൾക്ക് താഴ്‌വരയിലെ പർവത പാതകളെക്കുറിച്ച് വിശാലമായ അറിവുണ്ടെന്നാണ് പറയപ്പെടുന്നത്.

അതേസമയം, പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്ഥാൻ . 24 മുതൽ 36 മണിക്കൂറിനുളിൽ ഇന്ത്യ അക്രമിക്കുമെന്നും പാകിസ്ഥാൻ തയ്യാറെടുക്കുകയുകയാണ് എന്നും പാക് മന്ത്രി അത്താഉല്ല തരാർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.