വാഷിങ്ടൺ : യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. സൈനിക ആക്രമണങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ അടങ്ങിയ മെസ്സേജിങ് ആപ്പ് ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ ഒരു മാധ്യമപ്രവർത്തകനെ ചേർത്തതാണ് വാൾട്സിന് തിരിച്ചടിയായത്. ഇതിനു പിന്നാലെയാണ് മൈക്ക് വാൾട്ട്സ് രാജിവച്ചേക്കുമെന്ന രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ പ്രധാന ഉദ്യോഗസ്ഥ മാറ്റമാകും ഇത്. ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ അലക്സ് വോങ്, മറ്റ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ എന്നിവരും സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മൈക്ക് വാൾട്ട്സ് ഈ വിഷയത്തിൽ കുറ്റസമ്മതം നടത്തിയിരുന്നു. ചാറ്റിൽ ചേർത്ത മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.

ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയ വിവരം ദ് അറ്റ്ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബർഗാണ് വെളിപ്പെടുത്തിയത്. ‘ഹൂതി പിസി സ്മോൾ ഗ്രൂപ്പ്’ എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ ചേരാൻ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോൾഡ്ബർഗ് പറഞ്ഞിരുന്നു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തിയ സാഹചര്യത്തിൽ ഹൂതികൾക്കെതിരെ സൈനിക നടപടികൾ ഏകോപിപ്പിക്കുന്നതിന് ഒരു ‘ടൈഗർ ടീമിനെ’ രൂപീകരിക്കാൻ ഈ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, പ്രിൻസിപ്പൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലക്സ് നെൽസൻ വോങ്ങിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.
‘ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, യുഎസ് വിന്യസിക്കുന്ന ആയുധങ്ങൾ തുടങ്ങിയ വിവരങ്ങളും ഗ്രൂപ്പിൽ പങ്കുവച്ചു. പിന്നാലെ 15ന് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം ആരംഭിച്ചു.’– ജെഫ്രി ഗോൾഡ്ബർഗ് കൂട്ടിച്ചേർത്തു.

റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ട്രംപിന്റെ സുഹൃത്തുമായ സ്റ്റീവ് വിറ്റ്കോഫിനെ വാൾട്സിന് പകരം പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. റഷ്യ, ഇറാൻ എന്നിവരുമായുള്ള ചർച്ചകൾക്ക് വിറ്റ്കോഫ് നേതൃത്വം നൽകുന്നുണ്ട്.