ഓട്ടവ: രാജ്യത്തെ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2023-ൽ, പൊലീസ് റിപ്പോർട്ട് ചെയ്ത കുറ്റകൃത്യ നിരക്ക് നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ 34% കൂടുതലാണെന്ന് ഫെഡറൽ ഏജൻസി പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. അതേ വർഷം തന്നെ കൊലപാതകങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയ കുറ്റകൃത്യ നിരക്ക് ഗ്രാമപ്രദേശങ്ങളിൽ 1.7 മടങ്ങ് കൂടുതലായിരുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
2023-ൽ, രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രാമീണ ക്രൈം സെവറിറ്റി ഇൻഡക്സ് (സിഎസ്‌ഐ) സസ്കാച്വാനിലയിരുന്നു (204). തൊട്ടുപിന്നാലെ മാനിറ്റോബയും ആൽബർട്ടയും യഥാക്രമം 184 ഉം 145 ഉം ഗ്രാമീണ സിഎസ്‌ഐകൾ രേഖപ്പെടുത്തി.

നോർത്തേൺ സസ്കാച്വാനിൽ ഗുണ്ടാ പ്രവർത്തനങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമായാതായി സസ്കാച്വാൻ റൂറൽ ക്രൈം വാച്ച് അസോസിയേഷൻ ചെയർപേഴ്‌സൺ ടിം ബ്രോഡ് പറഞ്ഞു. പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ഒൻ്റാരിയോ, കെബെക്ക് എന്നീ പ്രവിശ്യകളിൽ ഗ്രാമപ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് നഗരങ്ങളെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.