ഓട്ടവ : കാനഡയിലെ യുവജനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന രീതിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷന്റെ (സിഐഎച്ച്ഐ) റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത്തരമൊരു മാറ്റം പ്രകടമായതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2023 ലെയും 2018 ലെയും കണക്കുകൾ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളും യുവാക്കളും ഇപ്പോൾ കൂടുതലായി ഡോക്ടർമാരെ സന്ദർശിക്കുകയും മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് പറയുന്നു. അതേസമയം, ആശുപത്രികളിലും എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലും എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2018 നെ അപേക്ഷിച്ച് 2023 ൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 31 ശതമാനവും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 23 ശതമാനവും കുറഞ്ഞു.

ഫാമിലി ഫിസിഷ്യന്മാർ, ശിശുരോഗ വിദഗ്ദർ, സൈക്യാട്രിസ്റ്റുകൾ എന്നിവരെ സന്ദർശിക്കുന്നവരുടെ എണ്ണം എട്ട് ശതമാനം വർധിച്ചു. ഉത്കണ്ഠ, വിഷാദ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഉപയോഗം എന്നിവ 18 ശതമാനവും, ആന്റിസൈക്കോട്ടിക് മരുന്നുകളുടെ ഉപയോഗം 13 ശതമാനവും വർധിച്ചു.
എന്നാൽ, ചികിത്സ തേടുന്ന രീതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, കോവിഡ് മഹാമാരിക്ക് ശേഷം യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതിന് തെളിവുകളില്ലെന്ന് റിപ്പോർട്ട് പറയുന്നു. 2019 ൽ മാനസികാരോഗ്യം മികച്ചതാണെന്ന് കരുതിയവരിൽ അഞ്ചിലൊരാൾക്ക് 2023 ൽ ആ തോന്നൽ ഉണ്ടായിരുന്നില്ല. പെൺകുട്ടികളിലാണ് മാനസികാരോഗ്യത്തിൽ കൂടുതൽ അപചയം സംഭവിച്ചതായി കാണിക്കുന്നത്.

അടുത്തിടെ മാനസികാരോഗ്യ സംരക്ഷണത്തിനായി ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും, കൂടുതൽ ഫണ്ടിങ് ആവശ്യമായ മേഖലകളെ പുതിയ വിവരങ്ങൾ എടുത്തു കാണിക്കുന്നുണ്ടെന്ന് സിഐഎച്ച്ഐയിലെ ലിയുഡ്‌മില ഹുസാക് പറഞ്ഞു.