വാഷിങ്ടൻ: പ്രാദേശിക സംഘർഷം ഒഴിവാക്കി പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ഭീകരരെ കണ്ടെത്തുന്നതിനുവേണ്ട സഹായങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു ചെയ്തുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേയും വാൻസ് പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തുവന്നിരുന്നു. യുഎസ് ഇന്ത്യൻ ജനതയ്ക്കൊപ്പമാണെന്നും ഭീകരാക്രണത്തിനു എതിരായ കൂട്ടായപോരാട്ടത്തിൽ എല്ലാ സഹായവും ഇന്ത്യയ്ക്കു നൽകുമെന്നും വാൻസ് പറഞ്ഞിരുന്നു. ജെ.ഡി.വാൻസ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയാണു പഹൽഗാം ഭീകരാക്രണം ഉണ്ടാകുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള പല നേതാക്കളും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ നേരിട്ട് എതിർക്കാതെയാണ് എല്ലാ നേതാക്കളും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 22നാണ് പഹൽഗാം ഭീകരാക്രമണത്തിൽ 26 ജീവനുകൾ നഷ്ടമാകുന്നത്. ഇതേ തുടർന്ന് ഇന്ത്യയും–പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി.